ദോഹ : ഇസ്രായേല്‍ പലസത്നീന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഖത്തര്‍ ഇടപെടുന്നു. മധ്യസ്ഥത വഹിച്ച് ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി പരിഹാരം കാണുകയാണ് ഖത്തറിന്റെ ലക്ഷ്യം.ഹമാസ് നേതാക്കളുമായും ഇസ്രായേലുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഹമാസ് ഖത്തറിന്റെ നിര്‍ദേശം തള്ളില്ലെന്നാണ് കരുതുന്നത്. പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി റേബ്യ ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഖത്തര്‍ മധ്യസ്ഥ നീക്കം വേഗത്തിലാക്കിയത്. സമാധാനത്തിലേക്ക് വഴി തെളിയിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി തടവുകാരെ കൈമാറാനുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.
ഹമാസുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് ദി ന്യൂ അറബ് എന്ന വെബ്സൈറ്റാണ് നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുന്നത്. ഹമാസും ഇസ്രായേലും പരസ്പരം തടവുകാരെ കൈമാറണം എന്നാണ് ഖത്തര്‍ മുന്നോട്ട് വച്ച നിര്‍ദേശം. ആദ്യം വനിതാ തടവുകാരെ വിട്ടയക്കാനാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. ഹമാസ് ബന്ദികളാക്കിയ മുതിര്‍ന്ന വനിതകളെയാണ് വിട്ടയക്കുക. പകരം ഇസ്രായേല്‍ ജയിലുകളിലെ പലസ്തീനികളായ വനിതകളെയും വിട്ടയക്കും. ഖത്തര്‍ മുന്നോട്ട് വച്ച നിര്‍ദേശം ഹമാസ് തള്ളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസ പ്രതിസന്ധിയിലാകുമ്പോള്‍ സാമ്പത്തികമായി സഹായിക്കുന്ന ജിസിസി രാജ്യമാണ് ഖത്തര്‍. ഗാസയിലെ ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഖത്തറാണ്. അതുകൊണ്ടുതന്നെ ഖത്തറിന്റെ ഇടപെടല്‍ ഫലം കണ്ടേക്കും. ഖത്തറിന്റെ നിര്‍ദേശം ഹമാസ് തത്വത്തില്‍ അംഗീകിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രായേല്‍ ജയിലുകളില്‍ ആയിരക്കണക്കിന് പലസ്തീന് വനിതകളാണ് തടവില്‍ കഴിയുന്നത്. തടവിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും വിട്ടയക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. ആദ്യം വനിതകളുടെ മോചനം ഉപാധിയായി വെക്കാമെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അവര്‍ ഉന്നതതലത്തില്‍ ചര്‍ച്ച തുടരുകയാണ്.