കോട്ടയം : അലക്ഷ്യമായി മറികടന്ന ബൈക്കിന് നേരെ ഹോൺ മുഴക്കിയതായി ആരോപിച്ച് ക്രെയിൻ സർവീസ് ജീവനക്കാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോട്ടയം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എം എൽ എയുടെ ഓഫിസിന് മുന്നിലായിരുന്നു ആക്രമണം. മണിമലയിൽ നിന്നും കോട്ടയത്തേക്ക് അപകടത്തിൽപ്പെട്ട കാറുമായി എത്തിയതായിരുന്നു ക്രെയിൻ സർവീസിന്റെ റിക്കവറി വാഹനം. പുതുപ്പള്ളി ബസ്റ്റാൻഡ് ഭാഗത്ത് വച്ച് അലക്ഷ്യമായും അപകടകരമായുമുള്ള രീതിയിൽ റിക്കവറി വാഹനത്തെ ബൈക്ക് മറികടക്കാൻ ശ്രമിച്ചു. രണ്ടുമൂന്ന് തവണ സമാന രീതിയിൽ റിക്കവറി വാഹനത്തിനു മുന്നിൽ ബൈക്ക് ഓടിച്ചതോടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെ ക്ഷുഭിതനായ ബൈക്കിൽ ഉണ്ടായിരുന്ന സംഘം പുറത്തിറങ്ങിയശേഷം ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു. റിക്കവറി വാനിലെ ജീവനക്കാരെ ആക്രമിക്കുകയും ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്ത സംഘം ഭീഷണി മുഴക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതോടെ ഈസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി. ഇതോടെ അക്രമി സംഘത്തിൽ ഒരാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതികളിൽ ഒരാളെ പോലീസ് സംഘം പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. ഇയാൾ മുൻപ് നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.