ലണ്ടൻ : പാലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകില്ലെന്ന് ജോര്‍ദാൻ രാജാവ് അബ്ദുല്ല. രണ്ട് രാഷ്ട്രമെന്ന ആശയം തന്നെയാണ് പരിഹാരമെന്നും ജോര്‍ദാൻ രാജാവ് വ്യക്തമാക്കി. ജോര്‍ദാൻ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഭൂമിയില്‍ പരമാധികാര പാലസ്തീൻ രാഷ്ട്രം നിലവില്‍ വരാതെ മേഖലയില്‍ സ്ഥിരതയും സുരക്ഷയും സമാധാനവും സംജാതമാകില്ല. കിഴക്കൻ ജറുസലമിനെ തലസ്ഥാനമാക്കണം. യുദ്ധത്തിന്റെ ഇരകളായി നിരപരാധികള്‍ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ജോര്‍ദാൻ രാജാവ് ചൂണ്ടിക്കാട്ടി.
ജോര്‍ദാൻ രാജാവാണ് പടിഞ്ഞാറൻ രാജ്യങ്ങളുമായും പ്രാദേശിക നേതാക്കളുമായും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി അബ്ദുല്ല രാജാവ് ഫോണില്‍ സംസാരിച്ചു. അമ്മാനിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ജോര്‍ജാന്റെ ആശങ്കകള്‍ അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, പാലസ്തീൻ-ഇസ്രായേല്‍ സംഘര്‍ഷം ഒരാഴ്ചയിലേക്ക് കടക്കുകയാണ്. അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവര്‍ 1200 ആയി. 3007 പേര്‍ക്ക് പരിക്കേറ്റു. ഗസ്സയില്‍ മാത്രം 1055 പേര് കൊല്ലപ്പെടുകയും 5184 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസ്സയിലെയും ഖാൻ യൂനിസിലെയും നിരവധി വീടുകള്‍ തകര്‍ന്നു. വ്യോമാക്രമണത്തിന് തിരിച്ചടിയായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് ഇസ്രായേലിലെ ബെൻഗൂരിയൻ വിമാനത്താവളത്തിനു നേരെ ബുധനാഴ്ചയും മിസൈലാക്രമണം നടത്തി. ലബനാനില്‍ നിന്ന് ഹിസ്ബുല്ലയും ഇസ്രായേലിലേക്ക് മിസൈല്‍ തൊടുത്തു. ഇസ്രായേല്‍ സൈന്യം പ്രത്യാക്രമണം നടത്തി.