ന്യൂസ് ഡെസ്ക് : ബാഗ്ദാദ് ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ വെള്ളിയാഴ്ച പ്രകടനം നടത്തി.ഇറാഖിലെ ബാഗ്ദാദില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി ജനം തെരുവിലിറങ്ങി. ‘അധിനിവേശം വേണ്ട, അമേരിക്ക വേണ്ട’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭകര്‍ താഹിര്‍ സ്ക്വയറില്‍ ഒത്തുചേര്‍ന്നു.
പലസ്തീൻ, ഇറാഖ് പതാകകള്‍ വീശുകയും ഇസ്രയേല്‍ പതാക കത്തിക്കുകയും ചെയ്തു. യെമൻ തലസ്ഥാനമായ സനയില്‍, യെമൻ, പലസ്തീൻ പതാകകള്‍ വീശിയായിരുന്നു പ്രകടനം. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്തോനേഷ്യയിലും മലേഷ്യയിലെ ക്വാലാലംപുരിലും റോമിലും പലസ്തീന് ഐക്യദാര്‍ഢ്യമായി പ്രാര്‍ഥന നടന്നു. ജര്‍മനിയിലും ഫ്രാൻസിലും പലസ്തീൻ അനുകൂലറാലികള് നിരോധിച്ചു. ഇസ്രയേല്‍––ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ‘നിയമവിരുദ്ധമായ ഉള്ളടക്കത്തെക്കുറിച്ചും’ വിദ്വേഷ പ്രസംഗത്തെക്കുറിച്ചും വിവരം നല്കാൻ യൂറോപ്യൻ യൂണിയൻ സമൂഹമാധ്യമം എക്സിനോട് ആവശ്യപ്പെട്ടു.