തിരുവല്ല: ട്രാക്കോ കേബിൾ കമ്പനിയിലെ പ്രതിസന്ധി പരിഹരിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, എസ് .റ്റി. യു യൂണിയനുകളുടെ നേതൃത്വത്തിൽ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്തു. തൊഴിലാളികളെ മുഴു പട്ടിണിയിലേക്ക് തള്ളിവിട്ട (ടാക്കോ കേബിൾ കമ്പനിയുടെ മാനേജ്മെൻ്റിന്റേയും സംസ്ഥാന സർക്കാരിൻ്റെയും സമീപനം ഒട്ടും നീതീകരിക്കുവാൻ കഴിയാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടിക്കണക്കിന് രൂപയുടെ ഓർഡർ ഉണ്ടായിട്ടും പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ കമ്പനിയിൽ ഉത്പാദനം നടക്കുന്നില്ല. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് വെട്ടിക്കാടൻ യൂണിയൻ നേതാക്കളായ ജിജി കെ മൈക്കിൾ, എ നസീർ, എം ഒ എബ്രഹാം, സൈമൺ കെ മാത്യു, മുഹമ്മദ് ഷാഫി, എ ഷാജഹാൻ, സിറിൽ പുളിക്കൽ, നവാബ് എച്ച്, സുരേഷ് കുമാർ കെ കെ, അനസ് പി പി എന്നിവർ പ്രസംഗിച്ചു.