പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തി ആയിരങ്ങൾ; വിശ്വാസികൾക്ക് ദർശനമധുരമായി നവരാത്രിക്കാലം

പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ആദ്യ ദിനം വൻ തിരക്ക്. ക്ഷേത്രത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് നവരാത്രി മഹോത്സവത്തിന്റെ ആദ്യ ദിനം ഒഴുകിയെത്തിയത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേയ്ക്കു വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. കലാമണ്ഡപത്തിൽ രാവിലെ മുതൽ തന്നെ കലോപാസനയും കലാപരിപാടികളും അരങ്ങേറിയിരുന്നു. ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ഭാഗമായി വൈകിട്ട് സിനിമാ താരം ദേവനന്ദ ദീപം തെളിയിച്ചു. ഒക്ടോബർ 21 ന് സാരസ്വതം സ്‌കോളർഷിപ്പ് വിതരണവും കച്ഛപി പുരസ്‌കാര വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. പനച്ചിക്കാട് കലാമണ്ഡലം ഗോപകുമാറും കർണ്ണാടക സംഗീതജ്ഞൻ മുല്ലക്കര സുഗുണനും പുരസ്‌കാരം ഏറ്റുവാങ്ങും. 22 ന് പൂജവയ്പ്പും, 23 ന് വിജയദശമി ദിനത്തിൽ വിദ്യാരംഭവും നടക്കും.

Advertisements

ക്ഷേത്രത്തിൽ പാർക്കിംങിന് അടക്കം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ക്യൂ നിയന്ത്രിക്കുന്നതിനുള്ള വലിയ സജീകരണങ്ങളാണ് വിശ്വാസികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. ചങ്ങനാശേരിയിൽ നിന്നും, കോട്ടയത്തു നിന്നും കെ.എസ്.ആർ.ടി.സി ക്ഷേത്രത്തിലേയ്ക്കു പ്രത്യേക സർവീസ് ക്രമീകരിച്ചിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ക്ഷേത്രത്തിൽ കൂടുതൽ തിരക്കേറുമെന്ന് ഉറപ്പാണ്.

Hot Topics

Related Articles