തമിഴ്നാട്ടിൽ ആദ്യമായി എത്തിയത് എന്റെ അച്ഛന്റെ ചേതനയറ്റ ശരീരം വാങ്ങാൻ ! വികാരഭരിതയായി തമിഴ്നാട്ടിൽ പ്രിയങ്ക ഗാന്ധി 

ചെന്നൈ: ഡി.എം.കെ സംഘടിപ്പിച്ച വനിതാ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ വികാര നിര്‍ഭര പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പിതാവ് രാജീവ് ഗാന്ധി 1991ല്‍ ശ്രീപെരുമ്ബത്തൂരില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി, ജീവിതത്തിലെ ഏറ്റവും ഇരുള്‍ നിറഞ്ഞ വേളയില്‍ തമിഴ്നാട്ടിലെത്തിയപ്പോള്‍ ഇവിടുത്തെ അമ്മമാര്‍ തങ്ങളെ ചേര്‍ത്തുനിര്‍ത്തിയതിന്റെ കണ്ണീരണിഞ്ഞ ഓര്‍മകളാണ് പ്രിയങ്ക പങ്കുവെച്ചത്.

Advertisements

’32 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തമിഴ്നാടെന്ന ഈ മണ്ണില്‍ ഞാൻ ആദ്യമായി കാലുകുത്തിയത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുട്ടേറിയ നിമിഷങ്ങളിലായിരുന്നു. പിതാവിന്റെ ചിതറിത്തെറിച്ച മൃതദേഹം ഏറ്റുവാങ്ങാനാണ് ഞാനെത്തിയത്. എനിക്കന്ന് 19 വയസ്സു മാത്രമാണ് പ്രായം. എന്റെ അമ്മയാകട്ടെ, ഇപ്പോള്‍ ഞാനെത്തിനില്‍ക്കുന്ന പ്രായത്തിനും കുറച്ചു വര്‍ഷങ്ങള്‍ ഇളപ്പമായിരുന്നു. വിമാനത്തിന്റെ വാതിലുകള്‍ തുറന്നതും, കൂരിരുട്ടിലേക്കായിരുന്നു ആ രാത്രി ഞങ്ങളെ ആനയിച്ചത്. പക്ഷേ, അതൊരിക്കലും എന്നെ ഭയപ്പെടുത്താൻ പോന്നതായിരുന്നില്ല. കാരണം, ഊഹിക്കാൻ പറ്റുന്നതില്‍ ഏറ്റവും മോശമായത് അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനു കുറച്ച്‌ മണിക്കൂറുകള്‍ക്കു മുമ്ബാണ് എന്റെ പിതാവ് കൊല്ലപ്പെട്ടത്. ആ രാത്രിയില്‍ അമ്മയോടൊപ്പം നടക്കുന്നതിനിടെ എനിക്കറിയാമായിരുന്നു, അവരോട് സംസാരിക്കുമ്ബോള്‍ ആ വാക്കുകളെല്ലാം എന്റെ ഹൃദയം നുറുക്കുന്നതായിരിക്കുമെന്ന്. എന്നിട്ടും ഞാനവരോട് സംസാരിച്ചുകൊണ്ടിരുന്നു. സന്തോഷത്തിന്റെ പ്രകാശം അവരുടെ കണ്ണുകളില്‍നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയെന്ന് അപ്പോള്‍ ഞാനറിഞ്ഞു. മീനമ്ബാക്കം എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ വിമാനത്തിന്റെ പടികള്‍ ഇറങ്ങിക്കൊണ്ടിരിക്കേ, ഞെട്ടലും ഏകാന്തതയുമായിരുന്നു ചുറ്റിലും. പെട്ടെന്ന്, നീല സാരിയണിഞ്ഞ ഒരുകൂട്ടം സ്ത്രീകള്‍ ഞങ്ങളെ വലയം ചെയ്ത് ചുറ്റും കൂടി. ഞങ്ങളെ തോല്‍പിച്ചുകളഞ്ഞ ദൈവം, അവരെ ഞങ്ങളുടെ അടുക്കലേക്ക് പറഞ്ഞയച്ചതുപോലെയാണ് തോന്നിയത്.

വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു ആ സ്ത്രീകള്‍. അവര്‍ എന്റെ അമ്മയെ സ്വന്തം കൈകളാല്‍ ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവര്‍ക്കൊപ്പം ആശ്വസിപ്പിക്കാനാവാത്ത തരത്തില്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. എന്റെ സ്വന്തം അമ്മമാരെപ്പോലെയാണ് എനിക്കവരെ അനുഭവപ്പെട്ടത്. അവരുടെ പ്രിയപ്പെട്ട ആരെയോ നഷ്ടമായതു പോലെ തകര്‍ന്നവരായിരുന്നു ഞങ്ങളെപ്പോലെ ആ അമ്മമാരുമപ്പോള്‍.

പങ്കുവെക്കപ്പെട്ട ആ കണ്ണീരില്‍ തമിഴ്നാട്ടിലെ അമ്മമാരുമായും എന്റെ ഹൃദയവുമായും ഒരു ഗാഢബന്ധം രൂപംകൊള്ളുകയായിരുന്നു. അതെനിക്ക് ഒരിക്കലും വിശദീകരിക്കാനാവാത്തതാണ്, അതുപോലെ മറക്കാനാവാത്തതും’ -പ്രിയങ്ക പറഞ്ഞു. എഴുതിത്തയ്യാറാക്കിയ വാക്കുകളില്‍, തമിഴില്‍ വീണ്ടും കുറച്ചു വാചകങ്ങള്‍ കൂടി സംസാരിച്ച്‌ സദസ്സിന്റെ മനസ്സു കീഴടക്കിയാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.

Hot Topics

Related Articles