തിരുവല്ല : ട്രാക്കോ കേമ്പിൾ കമ്പനി മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ ട്രാക്കോ കേമ്പിൾ എംപ്പോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കമ്പനിക്കു മുന്നിൽ സമര പ്രഖ്യാപന വിശദീകരണ യോഗം നടന്നു. 3 മാസത്തെ ശമ്പള കുടിശ്ശിഖ ജീവനക്കാർക്ക് ഉടൻ അനുവദിക്കുക, കമ്പനിക്ക് മതിയായ പ്രവർത്തന മൂലധനം അനുവദിക്കുക, കമ്പനിയിൽ എത്രയും വേഗം ഉത്പാദനം തുടങ്ങുക, പി എഫ് കുടിശ്ശിഖ അടച്ചു തീർക്കുക, പി എഫിന് ഏർപ്പെടുത്തിയിരിക്കുന്ന സീലിംഗ് എടുത്തുകളയുക, റിട്ടയർ ചെയ്ത ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നൽകുക, കമ്പനിക്ക് സർക്കാർ നൽകിയിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിരിച്ചെടുത്ത എംപ്ലോയിസ് സൊസൈറ്റിക്ക് നൽകാനുള്ള തുക എംപ്ലോയിസ് സൊസൈറ്റിക്ക് തിരികെ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമര പ്രഖ്യാപനം നടന്നത്.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു വിൻ്റെ ആവശ്യപ്രകാശം 19 ന് വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ യൂണിയൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഹർഷകുമാർ പറഞ്ഞു.
യൂണിയൻ പ്രസിഡൻ്റ് അഡ്വ. ആർ സനൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഐടിയു ദേശീയ കൗൺസിലംഗം അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, സിഐടിയു ഏരിയാ പ്രസിഡൻ്റ് ബിനിൽകുമാർ, വികെടിഎഫ് ജില്ലാ ട്രഷറർ ടി എ റെജി കുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിനിൽ ഏബ്രഹാം, യൂണിയൻ സെക്രട്ടറി ഗോപകുമാർ, ജോയിൻ്റ് സെക്രട്ടറി പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.