ടെല്‍അവീവ് : ബിബിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രായേല്‍ സൈന്യം. മാദ്ധ്യമ സ്ഥാപനം പക്ഷപാതപരമായി റിപ്പോര്‍ട്ടിംഗ് നടത്തുന്നതായും വംശഹത്യ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹമാസിനെ വിശ്വാസത്തിലെടുക്കുന്നതായും ഇസ്രായേല്‍ പ്രതിരോധസേന കുറ്റപ്പെടുത്തി.ബിബിസി അവകാശപ്പടുന്നത് അവര്‍ നിഷ്പക്ഷവും സ്വതന്ത്രവുമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. എന്നാല്‍ അത് വിശ്വാസത്തിലെടുക്കാൻ ഞങ്ങള്‍ക്ക് സാധിക്കില്ല. അവര്‍ വംശഹത്യ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ വാക്കുകള്‍ക്ക് വിശ്വാസ്യത നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. ബിബിസി വാര്‍ത്താ കട്ടിംഗുകള്‍ പങ്കുവെച്ചുകൊണ്ട് ഇസ്രായേല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബിബിസി ഇസ്രായേലിന് മേല്‍ ചാര്‍ത്തിയതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. പാലസ്തീൻ അധികൃതരുടെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ എക്സിലെ പോസ്റ്റ്.ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് വ്യക്തമാക്കി ഇസ്രായേല്‍ സൈനിക വക്താവ് നടത്തിയ പരാമര്‍ശവും ബിബിസി നല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒരു സ്ഥിരീകരണവുമില്ലാത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെമേല്‍ ചുമത്തിയതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.