അടിമാലി : റവന്യു മന്ത്രി കെ.രാജനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി മുൻ മന്ത്രിയും ഉടുമ്പൻചോല എം.എല്‍.എയുമായ എം.എം.മണി. ഇടുക്കിയിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ന്യായത്തിന്റെ ഭാഗത്ത് നില്ക്കുന്നതിനാല് തന്നോട് റവന്യൂ മന്ത്രിക്ക് കടുത്ത വിരോധമുണ്ടെന്ന് എം.എം.മണി പറഞ്ഞു. ഭൂവിഷയവുമായി ബന്ധപ്പെട്ട് മൂന്ന് യോഗം റവന്യു മന്ത്രി വിളിച്ചു. രണ്ടു യോഗത്തില്‍ താൻ പങ്കെടുത്തു. ഇതില്‍ മന്ത്രി കൈയ്യേറ്റം എന്ന പ്രയോഗത്തിനപ്പുറം കുടിയേറ്റം എന്ന വിഷയം പരിഗണിച്ചില്ല. ഇത് ചോദ്യം ചെയ്തതാണ് തന്നോട് റവന്യു മന്ത്രിക്ക് വിരോധം തോന്നാൻ കാരണം. ഇരുപതേക്കറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റവന്യു മന്ത്രിക്കെതിരെ എം.എം.മണി ആക്ഷേപം ഉന്നയിച്ചത്.
ഞാൻ തൃശൂര്‍കാരനല്ല. ഇടുക്കി കാരാനാണ് ഒരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. ഇടുക്കിയിലെ ഭൂ വിഷയങ്ങള്‍ വഷളാക്കിയതില്‍ റവന്യൂ മന്ത്രിയുടെ ഇടപെടല്‍ ചെറുതല്ല. അതിന് ശേഷം കാര്യങ്ങള്‍ മനസിലാക്കാതെ മന്ത്രി ഒരോന്ന് പറയുന്നു. അദ്ദേഹത്തിന് എന്തും പറയാമെന്നും എം.എം.മണി പറഞ്ഞു. വനഭൂമി പുതിയതായി കൈയ്യേറിയെങ്കില്‍ അത് ഒഴിപ്പിക്കേണ്ടത് തന്നെയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ചിരിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കാൻ വന്നാല്‍ നോക്കി നില്‍ക്കില്ല. ചിന്നക്കനാലില്‍ കൈയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെങ്കില് അതില്‍ എന്തെങ്കിലും കാരണം ഉണ്ടാകും. ഭൂ ഉടമ കോടതിയെ സമീപിക്കാത്തതില്‍ ദുരൂഹതയുണ്ട്. ഇവിടെ ജനങ്ങളുടെ പ്രതിഷേധം ന്യായമാണെങ്കില്‍ അവര്‍ക്കൊപ്പം നില്ക്കും.