തൊടുപുഴ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് നേതൃത്വം നല്‍കിയിരുന്ന എക്സാലോജിക് സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചു എന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ. ഈ വിഷയം ഇവിടംകൊണ്ട് തീരുന്നില്ല. വിശദമായ പ്രതികരണം പിന്നീടാകാമെന്നുമാണ് മാത്യു കുഴല്നാടന് പറഞ്ഞത്.
എക്സാലോജിക് ഐജിഎസ്ടി അടച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മറുപടി ലഭിച്ചിരുന്നില്ല. ഐജിഎസ്ടി അടച്ചിട്ടുണ്ടെങ്കില്‍ അത് എന്നാണെന്നതടക്കമുള്ള രേഖകള്‍ ഉണ്ടാകുമല്ലോയെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീണാ വിജയന് ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു.
മാത്യു കുഴല്‍നാടന്റെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല.
വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്, സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ വീണ ഐജിഎസ്ടി അടച്ചുവെന്ന് പുറത്തുവന്നതോടെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം അവസാനിക്കും. എന്നാല്‍ എപ്പോഴാണ് ഐജിഎസ്ടി അടച്ചതെന്ന് ഇനി വ്യക്തമാകണം.