തൃശൂർ : കേരള കലാമണ്ഡലം വിസിയായി ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. സെർച്ച് കമ്മിറ്റി ശുപാർശ അംഗീകരിച്ച് ചാൻസിലർ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണൻ. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.
നാടക രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന് പത്തൊമ്പത് വർഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കാലടി സർവ്വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാൻസിലറായി മല്ലികാ സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചത്. സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത 3 പേരുകളിൽ നിന്നാണ് ബി. അനന്തകൃഷ്ണന്റെ നിയമനം.