തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടൻ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുൻപ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് കാപ്സ്യൂള്‍ മാത്രമാണെന്നും മാത്യു കുഴല്നാടൻ തിരിച്ചടിച്ചു.
ഒരു സേവനവും നല്‍കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പണം നല്‍കിയെന്നതാണ് പ്രധാന വിഷയം. സേവനം നല്‍കാതെ കോടികള്‍ നല്‍കിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജിഎസ്ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെടുന്നത്. എ കെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് ലഭിച്ചിട്ടില്ല. എന്റെ ഓഫീസില്‍ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഎംആര്‍എല്‍ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കത്തില്‍ ഉണ്ട്. 3 ലക്ഷം മാസം കിട്ടുന്ന രീതിയില്‍ 2.3.2017 ല്‍ സിഎംആര്‍എല്‍ കമ്പനി വീണയുടെ കമ്പനിയുമായി (എക്സാലോജിക്) കരാര്‍ ഒപ്പുവെച്ചു. 1.1.2017 മുതല്‍ വീണ വിജയനുമായി 5 ലക്ഷം മാസം നല്കുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നത്.ഇതിന് മുൻപ് വീണാ വിജയനും കമ്പനിയും സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതല്‍ മാത്രമാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?