തൃശൂര്‍ : അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് വാട്ട്സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലോ ക്യു ആര് കോഡ് അയച്ചും സൈബര്‍ തട്ടിപ്പുകാര്‍ വല വിരിക്കുന്നു.തട്ടിപ്പുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പും നിരീക്ഷണവുമായി സൈബര്‍ പൊലീസും രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരിക്കലും പണം സ്വീകരിക്കുന്നതിന് ക്യു.ആര്. കോഡുകള്‍ സ്കാൻ ചെയ്യേണ്ടതില്ല. പക്ഷേ, അറിവില്ലായ്മ മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍ ക്യു.ആര് കോഡ് അയച്ച് സ്കാൻ ചെയ്യാൻ നിര്‍ദ്ദേശം നല്കി ബാങ്ക് അക്കൗണ്ട് വിവരം അടക്കം ഹാക്കര്‍മാര്‍ ചോര്‍ത്തി പണം തട്ടിക്കുന്നുണ്ടെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒ.എല്‍.എക്സ് അടക്കമുളള ഇടപാടുകളിലും ജാഗ്രത വേണം. ഇടപാടുകാരുടെ പ്രൊഫൈല്‍ ഫോട്ടോ, പേര്, ഫോണ്‍ നമ്പര്‍, ചേര്‍ന്ന തീയതി എന്നിവ പരിശോധിക്കണം. തട്ടിപ്പിനെത്തുടര്‍ന്ന് അക്കൗണ്ട് ആരെങ്കിലും മുൻപ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒ.എല്‍.എക്സില്‍ കാണാം. തുടര്‍ന്ന് ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ക്യു.ആര് കോഡുകള്‍ നയിക്കുന്ന യു.ആര്.എല്ലുകള്‍ എല്ലാം ശരിയാകണമെന്നില്ല. തട്ടിപ്പിനായി ഫിഷിംഗ് വെബ്സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. ക്യു.ആര് കോഡ് ഉപയോഗിച്ച് ലിങ്ക് തുറക്കുമ്പോള്‍, യു.ആര്.എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം.
അറിയപ്പെടുന്ന സേവന ദാതാക്കളെ ആശ്രയിക്കണം
1. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യു.ആര് കോഡ് ജനറേറ്റ് ചെയ്യുക.
2. സ്കാനര്‍ ആപ്പ് സെറ്റിംഗ്സില് ഓപ്പണ്‍ യു.ആര്.എല്‍ ഓട്ടോമാറ്റിക്കലി എന്ന ഓപ്ഷൻ യുക്താനുസരണം സെറ്റ് ചെയ്യാം.
3. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.
4. കസ്റ്റം ക്യു.ആര് കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക..
ആപ്പുകളും ശ്രദ്ധിക്കണം
സ്ക്രീൻ ഷെയറിംഗ് ആപ്പുകളായ എനി ഡെസ്ക്, ടീം വ്യൂവര്‍ തുടങ്ങിയവ അപരിചിതര്‍ ആവശ്യപ്പെട്ടാല്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ഫോണിന്റെ നിയന്ത്രണം അവര്‍ കൈക്കലാക്കും. യു.പി.ഐ ഐ.ഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്. ഒ.ടി.പി ആര്‍ക്കും കൈമാറരുത്.
ക്യു ആര് കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്കാൻ ചെയ്യാൻ ഉപകരണ നിര്‍മ്മാതാവ് നല്കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കണം.