ശ്രീജേഷ് സി ആചാരി
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐമാക് കമ്പ്യൂട്ടർ, മാക്ബുക്ക് എന്നിവയുടെ പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ.24 ഇഞ്ച് ഐമാക് കമ്പ്യൂട്ടറിന്റെ പുതിയ പതിപ്പ് ഈ മാസം 30നോ 31നോ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഇതേ ദിവസം മാക്ബുക്ക് പ്രോയുടെ രണ്ട് പുതിയ മോഡലുകളും ആപ്പിൾ പ്രഖ്യാപിച്ചേക്കും. നിലവിലെ ഐമാക് മോഡലിന് പുതിയ അപ്ഡേറ്റ് ലഭിക്കാതായിട്ട് 900 ദിവസത്തിലേറെയായി.ഇത് വലിയ രീതിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പുതിയ മോഡലുകൾ പുറത്തിറക്കാൻ ആപ്പിൾ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ പതിപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല എങ്കിലും മികച്ച പ്രകടനത്തിനും കാര്യക്ഷമതയ്ക്കും വേണ്ടി ഈ കമ്പ്യൂട്ടറിൽ ആപ്പിൾ ഒരു എം3 ചിപ്പ് പായ്ക്ക് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.പുതിയ 14, 16 ഇഞ്ച് മാക്‌ബുക്ക് പ്രോ മോഡലുകളായിരിക്കും ഇനി കമ്പനി അവതരിപ്പിക്കുക. അതേസമയം ആപ്പിളിന്റെ പ്രീമിയം ഉത്പ്പന്നങ്ങൾ ആയതിനാൽ പുതിയ ഐമാക്, മാക്ബുക്ക് മോഡലുകളുടെ വില പതിവ് പോലെ കൂടുതൽ ആയിരിക്കും എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 24 ഇഞ്ച് ഐമാക്കിന്റെ ഇന്ത്യയിലെ വില 1,29,900 രൂപ മുതലാണ് ആരംഭിക്കുന്നത് എം2 പ്രോ പ്രോസസറോട് കൂടിയ 14 ഇഞ്ച് മാക്ബുക് പ്രൊ നിലവിൽ 2,49,900 രൂപയ്ക്കും എം2 മാക്സ് ചിപ്പുള്ള 16 ഇഞ്ച് പതിപ്പ് 3,09,900 രൂപയ്ക്കുമാണ് കമ്പനി വിൽക്കുന്നത്.ഇത് കണക്കിലെടുത്താൽ വരാൻ പോകുന്ന മോഡലുകളും ഇതേ പ്രൈസ് റേഞ്ചിൽ നിൽക്കുന്നതാകും എന്ന് പറയാൻ കഴിയും. അതേസമയം രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായ സാഹചര്യത്തിൽ പുതിയ മോഡലുകൾക്ക് ചില ലോഞ്ച് ഓഫറുകൾ കമ്പനി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.കാരണം നിലവിലുള്ള മാക്ബുക് പ്രൊ മോഡലുകൾക്ക് 10,000 രൂപ ഡിസ്‌കൗണ്ട് ഓഫറും മുകളിൽ പറഞ്ഞ ഐമാകിന് 5,000 രൂപ ഓഫറും കമ്പനി നൽകുന്നുണ്ട്.