തിരുവനന്തപുരം: കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയായ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലം. സ്വയം നിരീക്ഷണ സമയം, ഇയാള്‍ റസ്റ്റോറന്റുകളിലും മാളുകളിലും പോയിരുന്നതായി വ്യക്തമായതോടെ റൂട്ട് മാപ് തയ്യാറാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. ഇയാള്‍ക്ക് നിരവധി ആളുകളുമായി സമ്പര്‍ക്കമുണ്ട്. കോംഗോ ഹൈറിസ്‌ക് രാജ്യമല്ലാത്തതിനാലാണ് വീഴ്ച പറ്റിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഒമിക്രോണ്‍ നിരീക്ഷണത്തില്‍ പാളിച്ച സംഭവിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത പുറപ്പെടുവിച്ചു.
ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും ഭാര്യമാതാവിനുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവര്‍.ബ്രിട്ടനില്‍ നിന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശിയായ യുവതി, കോംഗോയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദയം പേരൂര്‍ സ്വദേശി, ബ്രിട്ടനില്‍ നിന്ന് കൊച്ചിയില്‍ എത്തി കഴിഞ്ഞ ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ ആളുടെ ഭാര്യ, ഇവരുടെ ഭാര്യാമാതാവ് എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയയില്‍ നിന്നും ദോഹ വഴി ചെന്നൈയില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കളായ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന തുടരുകയാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം അറിയിച്ചു. ഒമിക്രോണ്‍ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും കൂടുന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ജാഗ്രതയില്‍ തുടരുകയാണ്.