അടൂര്‍ : നവകേരളസദസ് ഒരു പുതുചരിത്രമാണ് സൃഷ്ടിക്കുകയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പാരിഷ്ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്നതിനുമായി മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുകയാണ്.
കേരള ജനത ചരിത്രത്തില്‍ ആദ്യമായാകും ഈയൊരു രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ഏഴര വര്‍ഷമായി കേരളത്തില്‍ സര്‍ക്കാര്‍ വിവിധങ്ങളായ വികസന പദ്ധതികള്‍ ആണ് നടപ്പാക്കി വരുന്നത്.
ആരോഗ്യ – വിദ്യാഭ്യാസ മേഖല, ലൈഫ് മിഷന്, പട്ടയം, പെന്ഷന്, കാര്‍ഷികമേഖല, റോഡ്, പാലം, ആശുപത്രികള്‍, സ്കൂള്‍ കെട്ടിടങ്ങള്‍, സ്റ്റേഡിയം, സംസ്കാരിക പുരാവസ്തു കേന്ദ്രങ്ങള്‍, സമ്പൂര്‍ണ വൈദ്യുതി പദ്ധതികള്‍, എസ് സി എസ് ടി വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ല്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്ന് കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈഫ്മിഷന് പദ്ധതി പ്രകാരം മൂന്നര ലക്ഷത്തില്‍ അധികം വീടുകള്‍ നിര്‍മിക്കുകയും 54000 ക്ലാസ് മുറികള്‍ ഹൈടെക്കുകള് ആക്കി മാറ്റുകയും ചെയ്തു. കുടുംബശ്രീകള്‍ വഴി 50000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കി. മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വകുപ്പ്, സാംസ്കാരിക വകുപ്പ് തുടങ്ങിയ എല്ലാ മേഖലകളിലും വികസന മുന്നേറ്റം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് നവകേരള സദസിന്റെ മുഖ്യലക്ഷ്യം.
അടൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 17നാണു നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ വിജയത്തിനായി എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്. വകുപ്പുതലങ്ങള് മുതല്‍ നഗരസഭകള്‍ -ബ്ലോക്ക് -പഞ്ചായത്ത്-വാര്‍ഡ് തലങ്ങളിലും യോഗങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്. വാര്‍ഡു തലങ്ങളില്‍ വീട്ടുമുറ്റയോഗം പരിപോഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നവകേരള സദസിന്റെ അടൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി ചെയര്മാന്. അടൂര്‍, പന്തളം എന്നീ നഗരസഭ ചെയര്പേഴ്സണ്മാര്, പറക്കോട്, പന്തളം എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വൈസ്ചെയര്മാന്മാരാകും.അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍ പിള്ളയാണ് ജനറല്‍ കണ്‍വീനര്‍.
അടൂര്‍ തഹസില്‍ദാര്‍ ജോണ്‍സാം കണ്‍വീനറും അടൂര്‍, പന്തളം മുനിസിപ്പാലിറ്റി സെക്രട്ടറിമാരും, എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സമിതി അംഗങ്ങളുമാകും.
സ്വീകരണം, ആരോഗ്യം, വി ഐ പി, ഭക്ഷണം, ശുചികരണം, മീഡിയയും പ്രചാരണവും, സാംസ്കാരിക പരിപാടി, സാങ്കേതികവശം, സ്റ്റേജ്, മൈക്ക്, അനുബന്ധ ഒരുക്കങ്ങള്‍, ക്രമസമാധാനം എന്നീ വിഭാഗങ്ങളില്‍ ഉപസമിതികളേയും തെരഞ്ഞെടുത്തു. പഞ്ചായത്തുതല കമ്മിറ്റിയുടെ ചെയര്മാന്മാരെയും തെരഞ്ഞെടുത്തു. അതാത് വില്ലേജ് ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരാകും.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളക്ടര്‍ എ. ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് രാജേന്ദ്രപ്രസാദ്, സുശീല കുഞ്ഞമ്മ കുറുപ്പ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.