ന്യൂഡൽഹി : ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ റിഷഭ് പന്ത് നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏതു പരമ്ബരയിലുടെയാവുമെന്നതിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ നിലവില്‍ റിഷഭിന്റെ അഭാത്തില്‍ വിക്കറ്റ് കാക്കാനും പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാനും സാധിച്ച ചില താരങ്ങളുടെ നെഞ്ചിടിപ്പും കൂടിയിരിക്കുകയാണ്. ഏകദിനത്തിലെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍, ടി20യിലെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍, ഇവരില്ലെങ്കില്‍ ബാക്കപ്പായി ടീമിലേക്കു വരാറുള്ള മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുടെയല്ലാം കരിയറിനെ റിഷഭിന്റ മടങ്ങിവരവ് ബാധിക്കുമെന്നുറപ്പാണ്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു റിഷഭിനു കാറപകടത്തില്‍ സാരമായി പരിക്കേറ്റത്. അദ്ദേഹം ഓടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയും തുടര്‍ന്നു തീപിടിക്കുകയുമായിരുന്നു. റിഷഭ് അദ്ഭുതകരമായാണ് അന്നു രക്ഷപ്പെട്ടത്. ട്രക്ക് ഡ്രൈവറായിരുന്നു റിഷഭിനെ കാറില്‍ നിന്നും പുറത്തു കടക്കാന്‍ സഹായിച്ചത്. അതിനു ശേഷം പല ശസ്തക്രിയകള്‍ക്കും വിധേയനായ താരത്തിനു ഇനി കളിക്കാനാവുമോയെന്നു പോലും ആരാധകര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച റിഷഭ് നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചില പരസ്യങ്ങളിലൂടെ റിഷഭ് വീണ്ടും ആരാധകര്‍ക്കു മുന്നിലേക്കു വരികയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തെ ഇനി എന്നു കാണാന്‍ സാധിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. അതിനുള്ള ഉത്തരം കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബറില്‍ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്താനിരിക്കുകയാണ്. ഈ പരമ്ബരയിലൂടെയാവും റിഷഭിന്റെ തിരിച്ചുവരവെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ ഈ പര്യടനത്തില്‍ അദ്ദേഹം കളിക്കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പകരം ജനുവരിയില്‍ അഫ്ഗാനിസ്താനുമായി നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്ബരയിലൂടെയാവും റിഷഭിന്റെ മടങ്ങിവരവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ബിസിസിഐ ഒഫീഷ്യലാണ് റിഷഭിന്റെ തിരിച്ചുവരവിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ ഒന്നും കൃത്യമായി പറയാന്‍ സാധിക്കില്ല. റിഷഭ് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നുണ്ടെന്നത് നല്ല കാര്യമാണ്. എങ്കിലും അദ്ദേഹത്തിനു ഇനിയും കൂടുതല്‍ സമയം ആവശ്യമാണ്.
ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോയ ശേഷം അവിടെ കളിച്ച് റിഷഭ് ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. ഒരുപക്ഷെ എല്ലാം ശരിയായി വന്നാല്‍ അഫ്ഗാനിസ്താനുമായുള്ള പരമ്ബരയില്‍ റിഷഭ് തിരിച്ചുവന്നേക്കും. പക്ഷെ ഇക്കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. വിജയ് ഹസാരെ ട്രോഫിയും രഞ്ജി ട്രോഫിയും വരാനിരിക്കുകയാണ്. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ കളിച്ചുകൊണ്ടായിരിക്കും റിഷഭ് കളിക്കളത്തിലേക്കു മടങ്ങിയെത്തുക. വീണ്ടും ഇന്ത്യന്‍ കുപ്പായമണിയും മുമ്ബ് തന്റെ ഫിറ്റ്‌നസും ഫോമും അദ്ദേഹത്തിനു തെളിയിക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനായുമായുള്ള പരമ്ബരയിലൂടെ തിരിച്ചുവരാന്‍ സാധിച്ചില്ലെങ്കില്‍ അതിനു ശേഷമുള്ള ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്ബരയിലൂടെ റിഷഭ് തിരിച്ചെത്തിയേക്കും.
അതേസമയം, നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ റിഷഭിന്റെ മടങ്ങിവരവ് ടീം സെലക്ഷന്‍ കൂടുതല്‍ ദുഷ്‌കരമാക്കി തീര്‍ക്കും. മികച്ച പ്രകടനങ്ങളിലൂടെ ഏകദിനത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ റിഷഭ് വഴിയൊരുക്കിയേക്കും. ടി20യിലാവട്ടെ ഇഷാനും പിന്നീട് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ല. ഇതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ വഴിയും പൂര്‍ണമായി അടയുകയും ചെയ്യും. റിഷഭിന്റെ ബാക്കപ്പുകളായി രാഹുലും ഇഷാനുമുള്ളപ്പോള്‍ പിന്നീട് സഞ്ജുവിനെ ഇന്ത്യക്കു ആവശ്യം വരില്ല.