“ഒരുപാട് പ്രതീക്ഷയോടെ ചിത്രക്കൊപ്പം പാടിയ ഗാനങ്ങള്‍ പുറത്ത് വന്നത് മറ്റൊരാളുടെ ശബ്ദത്തിൽ : ശ്യാം സാർ പഠിപ്പിച്ച പാട്ട് പാടിക്കാതെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്” : എം.ജി ശ്രീകുമാർ

മലയാളത്തിലേക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ നൽകിയ ഗായകനാണ്എം ജി ശ്രീകുമാര്‍. നാല്‍പത് വര്‍ഷത്തെ പാട്ടുജീവിതത്തില്‍ ഇരുപതിനായിരത്തില്‍പ്പരം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്. പിന്നണി ഗായകനായി അരങ്ങേറുന്ന സമയത്ത് പല തരത്തിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു. ഒരുപാട് പ്രതീക്ഷയോടെ പാടിയ ഗാനങ്ങള്‍ മറ്റൊരാള്‍ പാടിയ സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ പാട്ട് പാടി അവരുടെ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടെന്നും എം ജി പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisements

‘തുടക്കത്തില്‍ യേശുദാസിന് വേണ്ടി ഒരുപാട് ട്രാക്കുകള്‍ പാടിയിട്ടുണ്ട്. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ പ്രണയവസന്തം എന്ന ഗാനം ചിത്രയും ഞാനും പാടിയതാണ്. അന്നൊക്കെ പാട്ടുപുസ്തകത്തില്‍ മുഴുവന്‍ പാട്ടുകളും യേശുദാസിന്റെ പേരിലാണ്. അതിനിടയിലൊരു എംജിയെ ആര് കാണാനാണ്. എങ്കിലും അതൊരു കുളിരു കോരുന്ന സംഭവമായിരുന്നു. രാത്രിയില്‍ ഉറക്കത്തിനിടെ പാട്ടുപുസ്തകം തുറന്ന് എംജി ശ്രീകുമാര്‍, ചിത്ര, ഇത് മതിയെന്ന് പറഞ്ഞ് കിടന്നിട്ടുണ്ട്’.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പക്ഷെ സിനിമ റിലീസ് ചെയ്തപ്പോള്‍ പാടിയത് യേശുദാസും ചിത്രയും. എനിക്ക് അതില്‍ ഇപ്പോള്‍ വിഷമം ഒന്നുമില്ല. ഇതൊക്കെ സിനിമയിലുള്ളതാണെന്ന് ഇപ്പോഴാണ് മനസിലാക്കിയത്. നമ്മള്‍ പാടിയ പാട്ട് ചിലപ്പോള്‍ വരില്ല. ചിലപ്പോള്‍ വേറെ ആരെങ്കിലും പാടിയതാകും നമ്മുടെ ശബ്ദത്തില്‍ വരുന്നത്. അപ്പോള്‍ നമ്മള്‍ അവര്‍ക്ക് ശത്രുക്കളാകും. എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് വരുകയായിരുന്നു’, എം ജി ശ്രീകുമാര്‍ പറഞ്ഞു.

‘സുരേഷ് കുമാറൊക്കെ സിനിമ ചെയ്ത് തുടങ്ങിയപ്പോള്‍ എനിക്ക് കുറേ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. അന്നൊക്കെ ലൊക്കേഷനിലൊക്കെ പോവാറുണ്ടായിരുന്നു’, എം ജി ശ്രീകുമാര്‍ പറഞ്ഞു. ‘ചുനക്കര രാമന്‍കുട്ടി സാറിന് എന്നോടൊരു പ്രത്യേകമായൊരു താല്‍പര്യമുണ്ടായിരുന്നു. എന്നെക്കൊണ്ട് പാടിപ്പിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. ശ്യാം സാര്‍ എനിക്ക് പാട്ട് തന്ന് അത് പഠിപ്പിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ യൂണിയനില്‍ മെമ്പർ അല്ലെന്ന് പറഞ്ഞ് എന്നെ പാടിക്കാതെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. ഇതേക്കുറിച്ചൊന്നും ഞാന്‍ എവിടേയും പറയാറില്ല’, അദ്ദേഹം പറഞ്ഞു.

ഭാരതിരാജയുടെ സിനിമയില്‍ പാടാനുള്ള ആഗ്രഹവുമായി ചെന്നൈയില്‍ പോയ രസകരമായ അനുഭവവും എം ജി പങ്കുവച്ചു. ‘മേടയില്‍ വീട്ടില്‍ അന്ന് കൂട്ടുകുടുംബമായാണ് ഞങ്ങള്‍ കഴിഞ്ഞത്. അന്നെനിക്ക് ഭാരതിരാജയുടെ കോള്‍ വന്നിരുന്നു. ആ സമയത്ത് ഞാന്‍ വീട്ടിലില്ലായിരുന്നു. നീ എങ്ങനെയെങ്കിലും മദ്രാസിലേക്ക് പോകൂ എന്നാണ് കൂട്ടുകാരെല്ലാം പറഞ്ഞത്. അങ്ങനെയാണ് ഭാരതിരാജ സാറിനെ കാണാന്‍ പോയത്. പക്ഷെ അവിടെ ചെന്നപ്പോള്‍ അങ്ങനെയൊന്നും അദ്ദേഹത്തെ കാണാന്‍ പറ്റില്ലെന്നായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്’,

‘സിനിമയൊക്കെ പൂര്‍ത്തിയായി, അടുത്ത മാസം റിലീസാണ്, എസ്പിബിയൊക്കെ പാടിയിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ പറഞ്ഞുവിടുകയായിരുന്നു. ആരോ എന്നെ കളിപ്പിക്കാന്‍ വിളിച്ചതാണെന്ന് അപ്പോഴാണ് മനസിലായത്. ഞാന്‍ പോയി തിരിച്ച്‌ വന്നപ്പോഴും ഭാരതിരാജയുടെ കോള്‍ വന്നിരുന്നു. മദ്രാസിലെ മലയാളി അസോസിയേഷന്റെ പ്രസിഡന്റായ ഭാരതിരാജ ആയിരുന്നു അത്. ഗാനമേളയ്ക്ക് ബുക്ക് ചെയ്യാൻ വിളിച്ചതാണ്. ഞാന്‍ പോയില്ല. ആ സമയത്ത് ലാലു അടക്കമുള്ളവര്‍ കളിയാക്കാനായി രാജ എന്നാണ് എന്നെ വിളിച്ചിരുന്നത്’, എം ജി ശ്രീകുമാര്‍ പറഞ്ഞു.

Hot Topics

Related Articles