കോന്നി :
കോന്നി മെഡിക്കല്‍ കോളജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കാനുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് വികസനസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രിയുടെ നിര്ദേശാനുസരണത്തില് ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ പരിശോധിച്ചു വിലയിരുത്തി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോന്നി മെഡിക്കല്‍ കോളജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കി മാറ്റുന്നത്. കാത്ത്ലാബ് സംവിധാനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളജിലെ ക്യാന്റീന് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഐപി ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാക്കുമെന്നും ഐസി യൂണിറ്റ് നവംബര്‍ 15ന് മുന്‍പു പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും എംഎല്‍എ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ സുപ്രധാന തീരുമാനങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു നിര്‍ദ്ദേശം നല്കി. ശബരിമല പ്രത്യേക ആശുപത്രിയാക്കുന്ന കോന്നി മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം, ഐസിയു, ഓപ്പറേഷന് തീയേറ്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംഇ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍) ഡോ.തോമസ് മാത്യു പറഞ്ഞു.
വികസനസമിതിയുടെ സഹായത്തോടെ അനുബന്ധനപ്രവര്ത്തനങ്ങള് പൂര്‍ത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനുള്ള സ്റ്റാഫുകളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. എ. ഷാജി, നഴ്സിംഗ് സൂപ്രണ്ട് എന്‍. സി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.