തിരുവനന്തപുരം : വി.എസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി എംഎം ലോറൻസ്. സിപിഎമ്മിനകത്തെ വിഭാഗീയതയിൽ ആദ്യ കണ്ണി വിഎസ് അച്യുതാനന്ദനാണെന്നും, എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും നാളെ പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിൽ ലോറൻസ് ആരോപിക്കുന്നു. പച്ചക്കുതിര എന്ന മാസികയിലൂടെ പുറത്തുവന്ന പ്രസക്തഭാഗങ്ങളിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.
അപ്രമാദിത്തം നഷ്ടപ്പെട്ടാലോ എന്ന് ഭയന്നിരുന്ന വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എംഎം ലോറൻസ് ആത്മകഥയിൽ വ്യക്തമാക്കുന്നു. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയത് വിഎസ് ആണ്. വ്യക്തിപ്രഭാവം ഉണ്ടാക്കാൻ വിഎസ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ എകെജി സെന്റിൽ ഇഎംഎസ് വരുന്നതിൽ എതിർപ്പായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എപി വർക്കിയെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് സമ്മേളനം മുതൽ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ ശ്രമിച്ചു . മലപ്പുറം സമ്മേളനത്തിലാണ് ആ ബന്ധം അവസാനിച്ചത് എന്നും ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നു.
ആലപ്പുഴ സമ്മേളനത്തിൽ വിഎസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞപ്പോൾ മറുപടി നൽകേണ്ടി വന്നു. പാലക്കാട് സമ്മേളനത്തിൽ 16 പേരെ കരുതിക്കൂട്ടി തോൽപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറൻസ് പറയുന്നു.