തിരുവനന്തപുരം : ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി വിവാദത്തില്‍ കുറച്ചു കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്ന് സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേര്‍ന്ന് മലപ്പുറത്തെ കൂടുതല്‍ നേതാക്കളെ കേള്‍ക്കും. ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ച് ആളുകളെ കൂടി കേള്‍ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാലിയില്‍ പങ്കെടുത്തവരുടെ ഭാഗവും ഡിസിസി പ്രസിഡന്റിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ആളുകളുടെയും ഭാഗവും കേള്‍ക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മലപ്പുറത്ത് പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു അച്ചടക്ക സമിതിയെ കാണുന്നതിന് മുൻപ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. പാര്‍ട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയാണ് താനെന്നും പറഞ്ഞ ആര്യാടൻ ഷൗക്കത്ത്, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.