മാവേലിക്കര : ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് അച്ചൻകോവിലാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അരുൺ ബാബുവിന്റെ ഭാര്യ ലിജി(25)യെ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു ലിജി. അരുൺബാബുവാണ് ലിജിയെ തൂങ്ങിയ നിലയിൽ കാണുന്നത്.
ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ലിജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അരുൺ ബാബുവിനെ കാണാതായത്. മൊബൈൽ ഫോൺ ആശുപത്രിയിലേക്ക് കൂടെ വന്നവരെ ഏൽപ്പിച്ച് കാറുമെടുത്ത് ഇയാള് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് അരുൺ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതിയത് പോലീസ് കണ്ടെത്തി. പാലത്തിന് സമീപം കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്തും രക്തം കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച ശേഷം അരുൺ നദിയിൽ ചാടിയെന്ന നിഗമനത്തിൽ പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.