ചെന്നൈ: വ്യാജ രേഖ ഉപയോഗിച്ച് 25 കോടി മൂല്യമുള്ള തന്റെ സ്വത്തുക്കൾ തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആറുപേര്‍ക്ക് എതിരെയാണ് കേസ്. വ്യാഴാഴ്ചയാണ് പൊലീസ് കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് ഗൗതമിയുടെ മൊഴിയെടുത്തു.
ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി പരാതിയില്‍ വിശദീകരിക്കുന്നു.
46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നെന്ന് ഗൗതമി പറയുന്നു. വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവര്‍ക്ക് താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു എന്നും, എന്നാല്‍ വ്യാജ രേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടി എടുത്തിരിക്കുക ആണെന്നും ഗൗതമി ആരോപിക്കുന്നു.
ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി പറയുന്നു. തട്ടിപ്പ് നടത്തിയ അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകള്‍ സുബ്ബുലക്ഷ്മിയെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ഇത് മകളുടെ പഠനത്തെയടക്കം സാരമായി ബാധിക്കുന്നുവെന്നും.
വിഷയത്തില്‍ ഇടപെട്ട് നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് പിന്നാലെ 20 വര്‍ഷമായി അംഗമായ ബിജെപിയില്‍ നിന്നും ഈ വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ താന്‍ പാര്‍ട്ടി വിടുന്നുവെന്നും ഗൗതമി അറിയിച്ചിരുന്നു.