കൊച്ചി : കളമശേരിയിലെ യഹോവ സാക്ഷികളുടെ കൺവൻഷനിടയിലെ സ്ഫോടനം – ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്നയുടെ മാതാവാണ്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സാലിയുടെ മൂത്ത മകൻ പ്രവീൺ (24), ഇളയ മകൻ രാഹുൽ (21) എന്നിവരുടെ ചികിത്സയിലുണ്ട്. ഇതിൽ പ്രവീണിന്റെ നില ഗുരുതരമാണ്. സാലിയും മകളും സ്ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നിരുന്നത്. കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭയുടെ മൂന്ന് ദിവസത്തെ കൺവൻഷന്റെ സമാപന ദിനത്തിലാണ് സ്ഫോടനം നടന്നത്. കഴിഞ്ഞ മാസം 29നാണ് സംഭവം. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിക്കൽ ലെയോണ പൗലോസ് (55), തൊടുപുഴ സ്വദേശി കുമാരി പുഷ്പൻ (53), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61). എന്നിവരാണ് സ്ഫോടനത്തിൽ മരിച്ച മറ്റുള്ളവർ . സഭയോടുള്ള വിരോധത്തിന്റെ പേരിൽ സ്ഫോടനം നടത്തിയ മാർട്ടിൻ പോലീസിന് കീഴടങ്ങിയിരുന്നു.