തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിനെ കുറിച്ച് കടുത്ത വിമർശനം ഉയർത്തുന്നതിനിടയിലും അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓരോ ഇനങ്ങളിലും ആറ് ഇരട്ടി മുതൽ 36 ഇരട്ടി വരെ വർധനയാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കണം. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം. 2.60 കോടി രൂപ നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണറുടെ ആവശ്യം പൊതു ഭരണ വകുപ്പ് ധന വകുപ്പിനെ അറിയിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. ഇതനുസരിച്ച് 30 ലക്ഷത്തോളം രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എന്നാൽ, നടപ്പ് വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്‌ഭവനിൽനിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് സർക്കാരിന് മുന്നിലുള്ള വഴി. അതേസമയം രാജ്ഭവൻ അധിക ചെലവ് ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് സർക്കാരിന് നിയന്ത്രിക്കാമെന്നാണ് ഗവർണറുടെ മറുപടി.
നിത്യ ചെലവിന് പൈസയില്ലാത്തപ്പോൾ സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഗവർണർ വിമർശിച്ചത്. പെൻഷൻ കൊടുക്കാൻ നിവർത്തിയില്ലാത്ത സർക്കാർ ധൂർത്തിന്റെ പര്യായമായി മാറിയെന്നായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തൽ. ബില്ലിന് മുൻകൂർ അനുമതി വാങ്ങാതെ സർക്കാരാണ് ഭരണഘടനാ ലംഘനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.