തൃശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 നവംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് അഞ്ചര കോടിയോളം രൂപ. കൃത്യമായി പറഞ്ഞാല്‍ 53254683 രൂപയാണ് ലഭിച്ചത്. 2 കിലോയിലധികം സ്വര്‍ണവും ലഭിച്ചു. കൃത്യമായി പറഞ്ഞാല്‍ 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചു. ഇ ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 5 വരെയുള്ള തിയതികളിലായാണ് 176727രൂപ ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണ് ഇത്. ഡി എല്‍ ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതലയുണ്ടായിരുന്നത്.
അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ കണക്കെടുപ്പിനിടെ പുറത്തുവന്ന മറ്റൊരു വാര്‍ത്ത ഭണ്ഡാരത്തിനകത്ത് നിരോധിച്ച നോട്ടുകളും ഉണ്ട് എന്നതാണ്. 2023 നവംബര്‍ മാസത്തെ എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പിൻവലിച്ച 2000 ത്തിന്‍റെയും നിരോധിച്ച 1000, 500 രൂപയുടെയും നോട്ടുകളാണ് നിരവധി കണ്ടെത്തിയത്. ഇത്തരത്തിലുള്ള മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഭണ്ടാരത്തിനകത്ത് ഉണ്ടായിരുന്നതെന്നാണ് ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച കൃത്യം കണക്കും ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. ആര്‍ ബി ഐ പിൻവലിച്ച രണ്ടായിരം രൂപയുടെ 56 കറൻസിയാണ് കാണിക്കവഞ്ചിയില്‍ നിന്നും ലഭിച്ചത്. നേരത്തെ തന്നെ നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും ഭണ്ഡാരത്തിലുണ്ടായിരുന്നു. ആയിരം രൂപ നോട്ടിനൊപ്പം നിരോധിച്ച പഴയ അഞ്ഞൂറിന്‍റെ നോട്ടുകള്‍ക്കും കുറവില്ല. പഴയ അഞ്ഞൂറിന്‍റെ 60 കറൻസി ലഭിച്ചെന്നും ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. 56 രണ്ടായിരം നോട്ടുകള്‍ക്ക് മൊത്തം ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വരും. ആയിരത്തിന്‍റെ 47 നോട്ടുകളുടെ മൂല്യം നാല്‍പ്പത്തി ഏഴായിരവും 60 അഞ്ഞൂറിന്‍റെ നോട്ടുകള്‍ക്ക് മൊത്തം മുപ്പതിനായിരം മൂല്യവും വരും. മൊത്തത്തില്‍ രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഇത്തരത്തില്‍ ഉപയോഗിക്കാൻ പറ്റാത്തതായി ഉള്ളതെന്നാണ് കണക്ക്.