പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍.തിരുനെല്‍വേലി പേട്ട വീരമണി (27), പേട്ട സ്റ്റാന്‍ഡിന് സമീപം കാശി എന്ന് വിളിക്കുന്ന പരമശിവം (22) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പാതിക്കാട് കല്ലുമണ്ണില്‍ പൊന്നമ്മ വര്‍ഗീസിന്റെ വീടിന്റെ മുകള്‍നിലയുടെ പിന്‍വശത്തെ വാതിലാണ് വെള്ളിയാഴ്ച രാത്രി 12-മണിയോടെ ഇവര്‍ പൊളിച്ചത്.
അടുത്ത വീട്ടിലെ ഒരാള്‍ മുറ്റത്തിറങ്ങിയപ്പോള്‍ ആളില്ലാത്ത വീട്ടിലെ വെളിച്ചം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്.എസ്.ഐ. മാരായ പി.എ.മധു, ആദര്‍ശ്, രാകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നേരത്തെ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മല്ലപ്പള്ളിയിലെ ആക്രിക്കടകളില്‍ നേരത്തെ ജോലി ചെയ്തിരുന്നതായും പോലീസ് പറയുന്നു.