കോട്ടയം : സഹോദരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല ആലപ്ര വട്ടുകുന്നാമല ഭാഗത്ത് മുള്ളൻകുഴിയിൽ വീട്ടിൽ ജോസ് ചാക്കോ (71) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി തന്റെ സഹോദരനെ ചീത്ത വിളിക്കുകയും, കല്ല് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സഹോദരന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ ആധാരം ജോസ് ചാക്കോ ഇയാളോട് ചോദിക്കുകയും സഹോദരൻ ഇത് നൽകാതിരിക്കുകയും ചെയ്തതിലുള്ള വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐ മാരായ ബിനോയ് മാത്യു, അനിൽകുമാർ വി.പി, എ.എസ്.ഐ സിന്ധുമോൾ, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, വിശാൽ, ബിജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.