മലപ്പുറം: നവകേരള സദസിന് സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്.
നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകി.