തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകളുടെ പിടിച്ചിടലും വൈകിയോട്ടവും ഉന്നയിച്ച് പ്രതിഷേധിച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. എറണാകുളം- ആലപ്പുഴ- കായംകുളം റൂട്ടില്‍ വന്ദേഭാരതിന് വഴിയൊരുക്കാന്‍ പാസഞ്ചറുകളടക്കം വഴിയില്‍ പിടിച്ചിടുന്നതിനെതിരേ നടത്തിയ പ്രതിഷേധം ന്യായമാണ്. ഇതു പരിഹരിക്കുന്നതിന് പ്രായോഗിക പരിഹാരം കാണുന്നതിന് പകരം വന്ദേഭാരത് വഴിമാറ്റുമെന്ന ഭീഷണി വെല്ലുവിളിയാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണക്കാരുടെ പ്രധാന യാത്രാ ആശ്രയമാണ്. അത് തടസ്സപ്പെടുന്നത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കും. അശാസ്ത്രീയ സമയക്രമത്തെക്കുറിച്ചോ യാത്രാ പ്രശ്‌നത്തെക്കുറിച്ചോ പ്രതിഷേധിക്കരുതെന്ന തീട്ടൂരം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. സാധാരണക്കാരുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണം. റെയില്‍വേയെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ റെയില്‍വേ സത്വര നടപടി സ്വീകരിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.