ആലപ്പുഴ: മറ്റപള്ളിയിലെ കുന്നിടിക്കലിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഫയൽ കാണാനില്ലെന്നും, നടപടിക്രമങ്ങൾ ലംഘിച്ചത് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കുന്നിടിക്കുന്നതിനെതിരെയുള്ള സെസ് റിപോർട്ടും ഉദ്യോഗസ്ഥർ ഗൗരവത്തിലെടുത്തില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ബോധപൂർവമായ വീഴ്ച ഉണ്ടായാൽ കർശന നടപടിയുണ്ടാവുമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് മന്ത്രിമാരായ പി പ്രസാദിനും കെ രാജനും കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് പ്രതികരിച്ചു.
കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്നങ്ങളുണ്ട്. കളക്ടറുടെ അന്വേഷണം പൂർത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ തുടങ്ങിയത്. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്നും മണ്ണെടുക്കാനുള്ള കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണെത്തിയതെന്നും കരാറുകാരൻ പറഞ്ഞിരുന്നു. എന്നാൽ മണ്ണെടുപ്പ് തുടങ്ങിയതോടെ നാട്ടുകാരും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ പ്രകടനമായി കുന്നിലേക്കെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.