തിരുവനന്തപുരം : സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി.നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് നിര്‍ജീവമാക്കിയത്.ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തി കേരള പൊലീസ് നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യയാണ് (ട്രായ്) നടപടിയെടുത്തത്.
ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപുമായി ബന്ധപ്പെട്ട കംപനികളുടേതാണെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും. കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അകൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപുകളും നിരോധിച്ചു.