സെമി ജയിച്ചു കേറി ബിജെപി : അടുത്ത ലക്ഷ്യം മോദിക്ക് മൂന്നാമൂഴം 

ന്യൂഡൽഹി : സെമിഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തെ ഫലം പുറത്ത് വരുമ്ബോള്‍ ബിജെപി ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടെ ബിജെപി തങ്ങളുടെ അപ്രമാധിത്യം അരക്കിട്ട് ഉറപ്പിക്കുകയാണ്. ലോക്‌സഭാ ഫലത്തിന്റെ സാമ്ബിള്‍ മാത്രമാണിത് എന്ന വിശ്വാസവും ബിജെപി നേതൃത്വം പ്രകടിപ്പിക്കുന്നുണ്ട്, അതിനുള്ള അവകാശം അവര്‍ക്കുണ്ട്. കോണ്‍ഗ്രസുമായി നേരിട്ട് പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന വലിയ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിജയം വര്‍ദ്ധിത ഊര്‍ജം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും നല്‍കുന്നുണ്ട്. 2023ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്ബോഴും പ്രചാരണ വേളയിലും പ്രീ പോള്‍ സര്‍വേകളിലും എക്‌സിറ്റ് പോളുകളിലും ഒന്നും തന്നെ കാര്യങ്ങള്‍ ബിജെപിക്ക് ശുഭസൂചനയായിരുന്നില്ല നല്‍കിയത്. രാജസ്ഥാനില്‍ ജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും തിളക്കം പ്രതീക്ഷിച്ചതല്ല.

Advertisements

മദ്ധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. രാജസ്ഥാനില്‍ മാത്രമായി ബിജെപി ഒതുങ്ങാനുള്ള സാധ്യത കല്‍പ്പിച്ചവര്‍ക്ക് മുന്നില്‍ നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും തിളക്കമുള്ള വിജയം നേടി നെഞ്ച് വിരിച്ച്‌ നില്‍ക്കുകയാണ് ബിജെപി. മോദി മാജിക് എന്നതിലുപരി സംഘടനാ ശേഷിയും ഒപ്പം തിരഞ്ഞെടുപ്പ് മാനേജിംഗിലെ പാടവും ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പെട്ടിയിലാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. അതും ഭരണവിരുദ്ധ വികാരം എന്ന പ്രശ്‌നത്തേയും അഭിമുഖീകരിച്ചുകൊണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കേണ്ട വിഷയങ്ങള്‍ വരെ കൃത്യമായ പദ്ധതികളിലൂടെയാണ് ബിജെപി വിജയിപ്പിച്ചെടുത്തത്. കേന്ദ്ര മന്ത്രിമാരുടെ സംഘം പല ജില്ലകളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു.

ലോക്‌സഭാ എംപിമാരില്‍ പലരും സ്ഥാനാര്‍ത്ഥികളുമായി. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും ജനങ്ങളിലേക്ക് കൃത്യമായി എത്തിച്ചു. ഇതിനെല്ലാം പുറമേ മദ്ധ്യപ്രദേശുകാരുടെ മോദി സ്‌നേഹവും തിരഞ്ഞെടുപ്പില്‍ അനുകൂലഘടകമാക്കി മാറ്റിയാണ് ബിജെപി പ്രതിസന്ധികളെ മറികടന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വി നല്‍കിയ പാഠം ഉള്‍ക്കൊണ്ട് കൃത്യമായ പദ്ധതി തന്നെ ഹിന്ദി ഹൃദയഭൂമിയില്‍ നടപ്പിലാക്കിയിരുന്നു. ഒരു കാരണവശാലും രാജസ്ഥാനും മദ്ധ്യപ്രദേശും കൈവിടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര നേതൃത്വം നല്‍കുകയും ചെയ്തു.

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഹിന്ദി ഹൃദയഭൂമിയിലെ തകര്‍പ്പന്‍ വിജയം ലോക്‌സഭയില്‍ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന നരേന്ദ്ര മോദിക്കും സംഘത്തിനും വമ്ബിച്ച ആത്മവിശ്വാസം നല്‍കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സീറ്റുകളില്‍ ഏറെയുള്ള ഈ രണ്ടു സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം അധികം പ്രതിഫലിച്ചിരുന്നില്ലെങ്കിലും കോണ്‍ഗ്രസിന് ഉള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ ബിജെപി മുതലെടുത്തു. ഇതിനെല്ലാം പുറമേയാണ് കോണ്‍ഗ്രസ് വിജയമുറപ്പിച്ചിരുന്ന ഛത്തീസ്ഗഡില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നിന്ന് കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ നേടിയ വിജയം. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചെന്നു കരുതിയ ഇവിടെ, തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് ബിജെപി ഭരണം തിരിച്ചുപിടിച്ചത്. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് നിന്ന നേതാക്കളേയും ഒപ്പം നിര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസിനുള്ളിലെ സംഘടനാ പ്രശ്‌നങ്ങളേക്കാള്‍ കൂടുതലായിരുന്നു ബിജെപി പലയിടത്തും നേരിട്ടത് എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആര്‍ജവവും അതിനുള്ള സംഘടനാ ശേഷിയും ബിജെപിക്ക് ലഭിച്ച തിളക്കമാര്‍ന്ന വിജയത്തിലെ നിര്‍ണായക പങ്കുകളായി മാറി. മൂന്ന് സംസ്ഥാനങ്ങളിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാക്കാനാണ് ബിജെപി ലക്ഷ്യമിടുക.

Hot Topics

Related Articles