കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഫർഹാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസിന് തിരിച്ചടി. സംഭവത്തിൽ കാസർകോട് അഡീഷണൽ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നടപടി.
സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നരഹത്യാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. എസ്ഐ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണിത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി ഫർഹാസ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29 നാണ് മരിച്ചത്. സംഭവത്തിൽ ആറ് ദൃക്സാക്ഷികളുടെ മൊഴി ജനുവരി ആറിന് കോടതി രേഖപ്പെടുത്തും.
ഫർഹാസിന്റെ മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ തുടർ അന്വേഷണം കോടതി നേരിട്ടായിരിക്കും നടത്തുക.