തൃശ്ശൂര്‍: മാർക്ക് നൽകലുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തിലെ വിവരങ്ങൾ പുറത്ത് നൽകിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതും, ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
പൊതുപരീക്ഷകളിലെ മൂലനിർണയത്തെ വിമർശിച്ചുള്ള ഡിജിഇയുടെ വിമർശനത്തിന് പിന്നാലെ എഴുത്ത് പരീക്ഷകൾക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മൂല്യനിർണയത്തിൽ കാലോചിതമായ പരിഷ്കാരം കൊണ്ടുവരണമെന്നാണ് സിപിഐ സംഘടനയും കോൺഗ്രസ് സംഘടനയും ആവശ്യപ്പെടുന്നത്.