കൊല്ലം: ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികൾ മറ്റ് കുട്ടികളേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചു. നേരത്തെയും ഒറ്റയ്ക്ക് പോകുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ആസൂത്രണം ചെയ്തിരുന്നുവെന്ന് നോട്ട് ബുക്കിൽ എഴുതിയിരുന്ന വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടി.
90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് നീക്കം. ചോദ്യം ചെയ്യൽ പൂർത്തിയായാൽ വിവിധ ഇടങ്ങളിൽ എത്തിച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്തും. ഇന്നലെ 9 മണിക്കൂറാണ് പത്മകുമാറിനെ ചോദ്യം ചെയ്തത്. അതേ സമയം ചോദ്യം ചെയ്യലിനോട് പത്മകുമാര്‍ പൂര്‍ണമായി സഹകരിക്കുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കി. പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു.
പൊലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായി പ്രതികളുടെ മൊഴിയിലുള്ള അവ്യക്തത ഉള്‍പ്പെടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് നീക്കം. കേസ് അന്വേഷണം ഇതുവരെ പൂയപ്പള്ളി പൊലീസാണ് നടത്തിയിരുന്നത്. 13 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊല്ലം ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമെന്നാണ് ദൃക്സാക്ഷിയായ സഹോദരന്‍റെ മൊഴി. എന്നാല്‍, തട്ടിക്കൊണ്ടുപോകൽ തടയാനുള്ള ബലപ്രയോഗത്തിനിടയിലെ മാനസികാവസ്ഥയിൽ തോന്നിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
ഇത്തരത്തില്‍ പ്രതികളുടെ മൊഴിയിലെ അവ്യക്തത ഉള്‍പ്പെടെ മാറേണ്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ പൂജപ്പുര ജയിലിലും ഭാര്യ അനിത കുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്.