കണ്ണൂർ : കണ്ണൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്ന് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കണ്ണൂർ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ പറയുന്നത്. വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുൾപ്പെടെ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പരിയാരം മെഡിക്കൽകോളേജിൽ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ മതിയായ ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡയാലിസിസ് ഉൾപ്പെടെ നടത്തി. ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും പരിയാരം മെഡിക്കൽ കോളേജ് അധികതർ പറയുന്നു. വിഷയം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.