ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ.അന്വേഷണത്തിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രതികളാണോയെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്. കേസില്‍ വൈകാതെ കൂടുതല്‍ വ്യക്തത വരും. അതിനുശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും വിജയ് സാഖറെ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രകോപന പോസ്റ്റുകളില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു.
അതേസമയം, ജില്ലയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗം ഇന്ന് നടക്കും. വൈകിട്ട് നാലിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ഇന്നലെ നടത്താനിരുന്ന യോഗം ബിജെപിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക മന്ത്രി സജി ചെറിയാന്, കൃഷിമന്ത്രി പി പ്രസാദ് എന്നിവരും ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. സര്‍വകക്ഷി യോഗത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്നും പൊലീസ് പറഞ്ഞു. എട്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാവുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.