കുറവിലങ്ങാട്: പാലാ രൂപതയുടെ ശക്തികേന്ദ്രവും പൈതൃകകേന്ദ്രവുമാണ് കുറവിലങ്ങാട്. സെൻ്റ് തോമസ് കോളെജിന് ആദ്യമായി ഒരു പ്രിൻസിപ്പാളിനെ ആവശ്യം വന്നപ്പോൾ പാലാ രൂപത പ്രതീക്ഷയർപ്പിച്ചത് കുറവിലങ്ങാട് എന്ന ദേശത്തിൻ്റെ പൈതൃക മികവിലാണ് എന്ന് പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. നാക് അക്രഡിറ്റേഷനിൽ പരമോന്നത ബഹുമതിയായ എ പ്ലസ് പ്ലസ് നേടിയതിലൂടെ ദേവമാതാ ആ ചരിത്ര പൈതൃകത്തെ സാർത്ഥകമാക്കിയിരിക്കുന്നു. ദേവമാതാ കോളെജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാക് എ പ്ലസ് പ്ലസ് എന്ന മഹത്തായ നേട്ടം കൈവരിച്ച ദേവമാതാ സമൂഹത്തെ പ്രസ്തുത സമ്മേളനത്തിൽ അനുമോദിച്ചു. കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി എം.എൽ.എ. അഡ്വ.മോൻസ് ജോസഫ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി മത്തായി, പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു , വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു, പി. എം. മാത്യു എക്സ് എം.എൽ.എ. ,ഡോ. ജോജോ കെ. ജോസഫ് ,ട്രീസ പി. ജോൺ , റിയ പ്രവീൺ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.