ശ്രീജേഷ് സി ആചാരി
ജറുസലേം : ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.വീഡിയോ ജേർണലിസ്റ്റ് സമീർ അബുദാഖയാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ യുഎൻ നടത്തുന്ന ഹൈഫ സ്കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പ്രദേശത്ത് ഷെല്ലാക്രമണം കനത്തതോടെ സമീറിനെ പരിക്ക് പറ്റിയ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.ഇതോടെ സമീർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിൽ അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹിനും പരിക്ക് പറ്റിയിട്ടുണ്ട്.കൈക്കും ഇടിപ്പിനും പരിക്ക് പറ്റിയ ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ മുൻപ് ദഹ്ദൂഹിന്റെ കുടുംബം കൊല്ലപ്പെട്ടിരുന്നു.നുസ്രത്തിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ദഹ്ദൂഹിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും പേരക്കുട്ടിക്കും ജീവൻ നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സമീർ അബുദാഖയുടെ മരണത്തെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് അപലപിച്ചു.ഇസ്രായേൽ ആസൂത്രിതമായി അൽ ജസീറ മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യം വെക്കുന്നുവെന്ന ആരോപണവും ചാനൽ ഉയർത്തിയിട്ടുണ്ട്.ഗാസയിലെ മാധ്യമപ്രവർത്തകരുടെ മരണത്തിൽ ഇസ്രായേൽ സർക്കാരിനെയും സൈന്യത്തെയും ഉത്തരവാദികളാക്കാൻ അന്താരാഷ്ട്ര സമൂഹവും മാധ്യമ സ്വാതന്ത്ര്യ സംഘടനകളും അന്താരാഷ്ട്ര ക്രിമിനൽ കോടതിയും അടിയന്തര നടപടി സ്വീകരിക്കണമെന്നും അൽ ജസീറ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.