പത്തനംതിട്ട :
നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി 11 ജില്ലകള്‍ താണ്ടി നവകേരള സദസ്സ് ആറന്മുളയിലെത്തുമ്പോള് എല്ലായിടത്തും കണ്ടത് ഒരേ കാഴ്ചയാണ്. നമ്മുടെ നാടിന്റെ രക്ഷക്ക് മുന്നിട്ടിറങ്ങണം എന്ന ലക്ഷ്യത്തോടെ ജനം തടിച്ചുകൂടുകയാണ് എല്ലാ വേദികളിലും. നിങ്ങള്‍ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന കൃത്യമായ സന്ദേശമാണ് അവര്‍ സര്‍ക്കാരിന് പകരുന്നത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആറന്മുള മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥ പ്രതികൂലമായിട്ടും വലിയ ജനാവലിയാണ് ആറന്മുളയിലെ ഈ വേദിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 29 ദിവസവും ഇതേ കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. കേരളം നെഞ്ചേറ്റിയ പരിപാടിയാണിന്ന് നവകേരള സദസ്സ്. നമ്മുടെ നാട് പുറകോട്ട് പോകരുത്, കാലാനുസൃതമായ പുരോഗതി നേടണം എന്ന വികാരമാണ് ഈ പരിപാടിയുടെ ഭാഗമാവാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രാത്രി തിരുവല്ലയില്‍ നിന്ന് പത്തനംതിട്ടക്ക് വരുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് പ്രായവ്യത്യാസമില്ലാതെ, ഭേദചിന്തയില്ലാതെ റോഡുവക്കിലെങ്ങും തടിച്ചുകൂടിയത്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ പോലും പ്രഭാതസദസ്സുകളിലെത്തി നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നു. നമ്മുടെ നാടിന്റെ പ്രശ്നങ്ങള്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് പക്ഷേ പ്രതിപക്ഷകള്‍ക്ക് ബോധ്യമായില്ലെങ്കിലും ജനത്തിന് സ്വയം ബോധ്യമായതുകൊണ്ടാണ് അവര്‍ തടിച്ചുകൂടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മുന്നോട്ടുപോക്കിനെ തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം കുറച്ചു. കൂടാതെ റവന്യുകമ്മി ഗ്രാന്ഡിലും കുറവു വരുത്തി. ആയിരക്കണക്കിന് കോടി രൂപയാണ് നമുക്ക് തരാന്‍ ബാക്കിയുള്ളത്. കേരളത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും വേണ്ടി കടമെടുക്കുന്നതും തടയുകയാണ്. കടമെടുപ്പ് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഭരണഘടനാപ്രകാരം നമുക്ക് അവകാശപ്പെട്ടതെല്ലാം ഇത്തരത്തില്‍ നിയമവിരുദ്ധമായി തടയുകയാണ്. വെട്ടിക്കുറിച്ച പരിധിക്കുള്ളില്‍ നിന്ന് കടമെടുക്കുന്നത് പോലും പലവിധ കാരണങ്ങള്‍ പറഞ്ഞ് തടയുകയാണ്.
ക്ഷേമപെന്ഷന് എന്തിനാണ് ഇത്രപേര്‍ക്ക് കൊടുക്കുന്നത്, എന്തിനാണിത്രയധികം പണം നല്‍കുന്നത് എന്നൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തില്‍ ഇത്തരത്തില്‍ 1,07,500 കോടിയോളം രൂപയാണ് കുറവു വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വികസനത്തിന് പിന്തുണ നല്‍കേണ്ട കേന്ദ്രം നമ്മുടെ മുന്നോട്ടു പോക്കിനെ ഇത്തരത്തില്‍ എങ്ങിനെയാക്കെ തടയാന്‍ കഴിയും എന്നാണ് നോക്കുന്നത്. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഈ സമീപനത്തെയാണ് നാം നവകേരള സദസ്സിലൂടെ തുറന്നുകാണിക്കുന്നത്. നമ്മുടെ നാട് ഒരുമിച്ചു നേരിടേണ്ട ഈ പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ മിണ്ടാന്‍ പ്രതിപക്ഷ എംപിമാര്‍ തയ്യാറാകുന്നില്ല.
സംസ്ഥാനത്ത് നിന്നുള്ള 20 എംപിമാരില്‍ 18 പേര് പ്രതിപക്ഷത്തു നിന്നാണ്. ഇവരിലാരും ഇതുവരെ കേരളത്തിനെതിരായ കേന്ദ്രസമീപനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മിണ്ടിയിട്ടില്ല. എല്ലാ പാര്‍ലമെന്റ് സെഷന് നടക്കുമ്പോഴും സംസ്ഥാനം എംപിമാരുടെ യോഗം വിളിക്കാറുണ്ട്. രണ്ടു തവണ എംപിമാരെ വിളിച്ചുകൂട്ടി സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അവരെ അറിയിച്ചു. നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ ആദ്യം അംഗീകരിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് നിവേദനത്തില്‍ ഒപ്പിടാന്‍ പോലും തയ്യാറാകാതെ പിന്മാറുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന് നീരസം ഉണ്ടാകുന്നതില്‍ പ്രതിപക്ഷം എന്തിനാണ് വികാരം കൊള്ളുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇതെല്ലാം ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ നവകേരള സദസ്സ് ബഹിഷ്കരണാഹ്വാനങ്ങളെ തിരസ്കരിച്ച് ഒഴുകിയെത്തുന്ന ജനം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് നമുക്ക് വിലപ്പെട്ടതാണ്. ഭാവികേരളം സുരക്ഷിതമാക്കാന്‍ ആവുമെന്ന ഉറപ്പാണ് ഇത് സര്‍ക്കാറിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ, വനിത-ശിശു വികസന മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ, നിയമ മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ എ ഷിബു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി. എം. ബി രാധാകൃഷ്ണന് സ്വാഗതവും കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ജയദേവ് നന്ദിയും പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും സംഗീത നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്മാര് അവതരിപ്പിച്ച പടയണിയും സംസ്ഥാന യുവജനോല്സവത്തില് കഴിഞ്ഞ അഞ്ച് വര്‍ഷമായി കോല്‍ക്കളിയില്‍ ജേതാക്കളായ മാര്‍ത്തോമ ഹൈസ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കോല്‍ക്കളിയും അരങ്ങേറി.