ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയവരില്‍ മൂന്നുപേരെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേല്‍ പ്രതിരോധ സേന തലവൻ യോവ് ഗാലൻഡ്. ദാരുണമായ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും ഗസ്സയിലെ സങ്കീര്‍ണമായ യുദ്ധത്തില്‍ സൈനികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യോതം ഹൈം, സാമിര്‍ തലല്‍ക, അലോണ്‍ ഷംരിസ് എന്നിവരെയാണ് ഇസ്രായേല്‍ സൈന്യം തന്നെ അബദ്ധത്തില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വടക്കൻ ഗസ്സയിലെ ശുജാഇയ്യയിലെ പോരാട്ടത്തിനിടെയാണ് സംഭവം. വെള്ളക്കൊടി ഉയര്‍ത്തി അവര്‍ സഹായത്തിനായി ഹീബ്രൂ ഭാഷയില്‍ അലറുന്നുണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോകോള്‍ ലംഘിച്ചാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടിലുണ്ട്. സഹിക്കാൻ കഴിയാത്ത ദുരന്തം എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചത്.
ഹമാസ് നിയന്ത്രണത്തില്‍നിന്ന് രക്ഷപ്പെട്ട് എത്തിയെന്ന് ഇസ്രായേല്‍ സൈന്യം പറയുന്ന മൂന്നുപേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അക്രമത്തിന് എത്തിയവരെന്ന് സംശയിച്ച് മൂന്നുപേര്‍ക്കെതിരെയും സേന വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവര്‍ നേരത്തെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരാണെന്ന് വ്യക്തമായത്. പ്രയാസം നിറഞ്ഞതും വേദനാജനകവുമായ സംഭവമെന്നാണ് ഇസ്രായേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി പ്രതികരിച്ചത് ‘ഐ.ഡി.എഫും അതിന്റെ കമാൻഡര്‍ എന്ന നിലയില്‍ ഞാനും ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഞങ്ങള്‍ നടപടിയെടുക്കും’ -ഹലേവി പറഞ്ഞു. കരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്ക് പുതിയ പ്രോട്ടോകോള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.