കോന്നി :
നവകേരളസദസ്സിനെ ജനം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ വേദിയില്‍ കോന്നി മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നവകേരള സദസ്സ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സദസ്സിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് കഴിഞ്ഞ 30 ദിവസത്തെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. 30 ദിവസവും വന്‍ജനാവലിയെയാണ് ഞങ്ങള്‍ ഓരോ മണ്ഡലത്തിലും കണ്ടത്. നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി എന്നാണ് ഇത് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുസാഹചര്യങ്ങളാണ് ഈ വന്‍ജനപങ്കാളിത്തത്തിന് ഇടയാക്കുന്നത്. ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ജനതയാണ് നാം. ലോകത്തിന് തന്നെ പലകാര്യങ്ങളിലും മാതൃകയായവരാണ് നാം. നമ്മള്‍ ഇതുവരെ നേടിയെടുത്തിടത്ത് നിന്ന് നമുക്ക് ഇനിയും മുന്നോട്ടുപോകണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സംസ്ഥാനസര്‍ക്കാര്‍. ഇത് ജനസമക്ഷം അവതരിപ്പിക്കലും കേരളത്തിന്റെ മുന്നോട്ടുപോക്കിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തടസ്സങ്ങള്‍ തുറന്നുകാണിക്കലുമാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്. സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഇനി ഒരിഞ്ചു മുന്നോട്ട് പോകാന്‍ കേരളത്തെ അനുവദിക്കില്ല എന്ന സമീപനം സ്വീകരിക്കുകയാണ്. ഈ അനീതിക്കെതിരെയുള്ള നാടിന്റെ പ്രതികരണമാണ് നവകേരളസദസ്സിനെത്തുന്ന വന്‍ജനസഞ്ചയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കനത്ത മഴയുടെ പ്രയാസങ്ങളുള്ളതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല എന്ന് പറഞ്ഞ് സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും കേള്‍ക്കാനുമായി കോന്നി നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
കോന്നി എംഎല്‍എയും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. കെ.യു ജനീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, മ്യൂസിയം, പുരാവസ്തു, തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു.
മറ്റു മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ എ ഷിബു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചിത്വ പ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. കോന്നി തഹസില്‍ദാര്‍ മഞ്ജുഷ സദസ്സിന് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കനല്‍ ബാന്‍ഡും പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍ പാട്ടും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി. സംഘാടക സമിതി കണ്‍വീനര്‍ രശ്മി മോള്‍ സ്വാഗതവും ഡപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ് നന്ദിയും പറഞ്ഞു.