കൊച്ചി: കേരളത്തിലെ സർവ്വകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിന് കാലതാമസം നേരിടുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്നാൽ കെടിയു, ഫിഷറീസ് സർവകലാശാല, കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല എന്നിവയടക്കം അഞ്ച് സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ഗവർണർ അല്ലെന്ന് സർക്കാർ അറിയിച്ചു.
സർക്കാരിനാണ് അധികാരമെങ്കിൽ ഇവിടങ്ങളിൽ എന്തുകൊണ്ട് സെർച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. യുജിസി അടക്കമുള്ളവർ പ്രതിനിധികളെ നിർദ്ദേശിച്ച് നൽകാത്തതാണ് കാലതാമസത്തിന് കാരണമെന്ന് സർക്കാർ വ്യക്തമാക്കി. സ്ഥിരം വിസി നിയമനത്തിന് നടപടി ആവശ്യപ്പെട്ട് യൂണിവേസിറ്റി കോളേജ് മുൻ പ്രൊഫസറും സാമ്പത്തിക വിദഗ്ധയുമായ മേരി ജോർജ്ജ് നൽകിയ ഹർജിയിലാണ് പരാമർശം. വിസി സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധികളെ നിർദ്ദേശിക്കുന്നില്ലെന്നും ഇതാണ് കാലതാമസം ഉണ്ടാക്കുന്നതെന്നും ഹർജിക്കാരി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുപ്രീംകോടതി ഉത്തരവനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജിയിൽ യുജിസി, സർവ്വകലാശാല വിസിമാർ, ഗവർണർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ജനുവരി 11ന് പരിഗണിക്കാനായി മാറ്റി.