കല്‍പ്പറ്റ: ഭീതിപരത്തി നടന്ന വയനാട്ടിലെ നരഭോജിക്കടുവ ഒടുവില്‍ കൂട്ടിലായി. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനു ശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്.
കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോള്‍ കടുവ. ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന് കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. WWL45 എന്ന കടുവയാണ് സ്ഥലത്തെത്തിയതന്നും സ്ഥിരീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് കൂട്ടിലകപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാൻ ഇതുവരെയായി വലിയ രീതിയിലുള്ള തെരച്ചിലായിരുന്നു വനംവകുപ്പ് നടത്തിയിരുന്നത്. നാലു കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രി മുതല്‍ പുലരുവോളം തെരച്ചിലും നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചും ഡ്രോണ്‍ പറത്തിയും വ്യാപക തെരച്ചില്‍ നടത്തിയും കുങ്കിയാനകളെ എത്തിച്ചുമെല്ലാം ദൗത്യം തുടര്‍ന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണിപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്.