റോം: വീട്ടുകാർ നിശ്ചയിട്ട വിവാഹത്തിന് സമ്മതിക്കാത്ത മകളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഇറ്റാലിയൻ കോടതി. ഇറ്റലിയിലെ ബൊലോഗ്നയ്ക്കടുത്തുള്ള നോവെല്ലറയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സമൻ അബ്ബാസ് എന്ന 18 കാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 2021ൽ ആണ് സംഭവം നടന്നത്. കേസിൽ പെൺകുട്ടിയുടെ അമ്മാവനെ നേരത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതികളിലൊരാളായ പെൺകുട്ടിയുടെ മാതാവ് ഇപ്പോഴും ഒളിവിലാണ്.
2021 മെയ് മാസത്തിലാണ് സമൻ അബ്ബാസിവെ വീട്ടിൽ നിന്നും കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂര കൊലപാതകം പുറത്തറിയുന്നത്. പാകിസ്ഥാനിലെ ഒരു ബന്ധുവിനെകൊണ്ട് മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു സമന്റെ മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ പെൺകുട്ടി ഈ വിവാഹത്തിന് സമ്മതിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൻ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല. പെൺകുട്ടിയുടെ സമ്മതമില്ലാതെ പാകിസ്ഥാനിലുള്ള ബന്ധുവുമായി വിവാഹം നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. ഇതോടെ 2021 ഏപ്രിലിൽ സമൻ കാമുകനോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാൻ പദ്ധതിയിട്ടു. വീട്ടിൽ നിന്നും പാസ്പോർട്ട് എടുത്ത് കാമുകനൊപ്പം പോകാനായിരുന്നു പെൺകുട്ടിയുടെ പദ്ധതി. എന്നാൽ ഇതിനിടെയിലാണ് ഇവരെ കാണാതാകുന്നത്.
സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം ഒരു ഫാം ഹൌസിൽ നിന്നും സമൻ അബ്ബാസിന്രെ മൃതദേഹം പൊലീസ് കണ്ടെത്തി. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതി കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന സമയത്ത് വീട്ടിൽ നിന്നും പെൺകുട്ടിയുടെ പിതാവും അമ്മാവനും ബന്ധുക്കളും ബക്കറ്റ്, മൺവെട്ടി തുടങ്ങിയവയുമായി പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കാമുകനൊപ്പം പോകാൻ തീരുമാനിച്ച മകളെ കൊലപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മാവനെ വിളിച്ച് വരുത്തി പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം ആളൊഴിഞ്ഞ ഫാമിലെത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് കുറ്റപത്രം. കൊലപാതകത്തെക്കുറിച്ച് അച്ഛൻ പറയുന്നത് താൻ കേട്ടിരുന്നുവെന്നും അമ്മാവനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും സമന്റെ സഹോദരനും പൊലീസിന് മൊഴി നൽകി.
സംഭവത്തിന് ശേഷം പ്രതികൾ ഇറ്റലിയിൽ നിന്നും നാട് വിട്ടിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ പിതാവ് ഷബ്ബാർ അബ്ബാസിനെ പാക്കിസ്ഥാനിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയതത്. 2023 ഓഗസ്റ്റിൽ ഇയാളെ ഇറ്റലിയിലേക്ക് കൈമാറി. പെൺകുട്ടിയുടെ അമ്മാവൻ ഡാനിഷ് ഹസനെ ഫ്രാൻസിൽ നിന്നുമാണ് പിടികൂടിയത്. ഇയാളെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് ഇറ്റലിയിലെ കോടതി വിധിച്ചിരുന്നു. കേസിൽ പ്രതികളായിരുന്ന പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളെ കോടതി വെറുതെ വിട്ടു. അതേസമയം പ്രതിയായ മാതാവ് നാസിയ ഷഹീൻ ഇപ്പോഴും ഒളിവിലാണ്.