കോട്ടയം : മണർകാട്ട് വീടിനുള്ളിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മ (68) യെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. മണർകാട് പൊലീസ് സ്ഥലത്ത് എത്തി. ഭർത്താവ് തങ്കപ്പൻ മരിച്ചതിനെ തുടർന്ന് തങ്കമ്മ തനിച്ചാണ് വീട്ടിൽ താമസം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് വീടിനുള്ളിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ചാണ് തങ്കമ്മ കിടന്നുറങ്ങിയിരുന്നത്. ഇതിൽ നിന്ന് തീ പടർന്നാണ് മരണം സംഭവിച്ചത് എന്ന് സംശയിക്കുന്നു.