ശ്രീനഗർ : ജമ്മുകാശ്മീരിലെ രജൗരിയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. രാജ്യത്തെ ഞെട്ടിച്ച് ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. വൈകീട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിമേഖലയിലുള്‍പ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിള്‍സിന്റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയില്‍ ജമ്മുകാശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തുന്ന ഭീകരര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് തെരച്ചിലും തുടരുകയാണ്.