തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്ന് സതീശൻ പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്.
എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത് മന്ത്രി. ഇപ്പോൾ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസ്സുകളിൽ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് ഞാൻ മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നാളെ മന്ത്രിമാരിൽ പലരും കരുതൽ തടങ്കലിൽ നിന്ന് മോചിതരാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പ്രതിഷേധം അസ്വസ്ഥതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. പ്രചാരണ ബോർഡുകൾ പരസ്യമായി തല്ലി തകർക്കുന്നു. നാടിന്റെ സംസ്കാരത്തിന് ചേരാത്തതാണിത്. പൊലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക. ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസിക അവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്.
നവകേരള സദസിനോട് കോൺഗ്രസ് പകയാണ്. സാമൂഹിക വിരുദ്ധ സമീപനമാണ് കോൺഗ്രസ് പ്രവർത്തകർ കാണിക്കുന്നത്. പ്രചാരണ ബോർഡ് തകർത്താൽ ജനങ്ങളിലേക്ക് എത്തില്ല എന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസിനെ നാട് ഏറ്റെടുത്ത് കഴിഞ്ഞു. നവകേരള സദാസ് നാളെ കഴിയും. ഇപ്പോഴും തിരുത്താൻ പ്രതിപക്ഷത്തിന് സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.